“Oculi mei semper ad Dominum“ (Ps 25,15)
ഇന്നത്തെ വായനകള്‍ ആദ്യ വായനയില്‍ തന്നെ കൂട്ടിവായിക്കാന്‍, മനസ്സിലാക്കാന്‍ ചിലര്‍ക്കെങ്കിലും പ്രയാസം തോന്നാം…
അതുകൊണ്ട് ഇന്നത്തെ വിചിന്തനങ്ങ ള്‍ നമുക്ക് രണ്ടാം വായനയില്‍ നിന്നും ആരംഭിക്കാം.
വി. പൌലോസ് അപ്പോസ്തലന്‍ കൊറിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനത്തിലെ വരികളില്‍ നാം യഹൂദരുടെ ചരിത്രത്തെ ചെറുതായി മനസ്സിലാക്കുന്നു. മോശ അവര്‍ക്കായി മരുഭൂമിയില്‍ അത്ഭുതങ്ങള്‍ ചെയ്തു. ദൈവം അവര്‍ക്കായി ഭക്ഷണവും പാനീയവും നല്‍കി സംരക്ഷിച്ചു. എങ്കിലും അവരില്‍ പലരും (മോശ ഉള്‍പ്പെടെ) വാഗ്ദത്തഭൂമി ദര്‍ശിച്ചില്ല…അവരില്‍ പലരും മരുഭൂമിയില്‍ തന്നെ മരണപ്പെട്ടു.

ഈ ചിന്തയെ വിശദീകരിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം.
പാലസ്തീനായില്‍ സംഭവിച്ച രണ്ടു സംഭവങ്ങളെ യേശു അനുസ്മരിക്കുന്നു. ഒന്നാമത്തെ സംഭവം ചരിത്രപരമായി ചര്‍ചെയ്യപ്പെടുന്ന ഒന്നാണ്. അത് സമാനമായ രണ്ട് വസ്തുതകളുടെ കൂട്ടിചേര്‍ക്കലായി കരുതുന്ന ചരിത്രകാരന്മാരും ഉണ്ട്.
പിലാത്തോസിന്റെ കാലത്ത്‌ കൊല്ലപ്പെട്ട സമരിയാക്കാരുടെയും, റോമന്‍ അധിനിവേശത്തെ എതിര്‍ത്ത് ചുങ്കം നല്‍കാന്‍ വിസമ്മതിച്ച് കൊലചെയ്യപ്പെട്ട ഗലീലിയനായ യൂദാസിന്റെയും കൂട്ടരുടെയും സംഭവങ്ങളുമായി ചില സാമ്യങ്ങള്‍ ഉണ്ടായിരുന്നെന്നു ഈ വചനഭാഗം സൂചിപ്പിക്കുന്നു.

സുവിശേഷത്തില്‍ പറയുന്ന രണ്ടാമത്തെ സംഭവം ബെതെസ്ദ (കരുണയുടെ ഭവനം എന്നര്‍ത്ഥം ) കുളക്കരയിലുണ്ടായ 18 പേരുടെ ദാരുണമായ അന്ത്യമാണ്. യഹൂദ പാരമ്പര്യമനുസരിച്ച് ശുദ്ധീകരണത്തിനെത്തിയ രോഗികളായിരുന്നിരിക്കണം അവിടെ മരിച്ചവര്‍.
വി. പൌലോസിന്റെയും യേശുവിന്റെയും വചനങ്ങളിലൂടെ നാം എത്തിച്ചേരുന്ന ചോദ്യങ്ങളുണ്ട്.
എന്തായിരുന്നിരിക്കാം ഈ മനുഷ്യരുടെ മരണത്തിനു കാരണം?
ദൈവം കരുണയില്ലാതെ വര്‍ത്തിക്കുന്നവനാണോ???
ഈ ചോദ്യങ്ങള്‍ക്ക്‌ യേശുവിന്റെ മറുപടി ഒന്നുമാത്രം.
“അനുതപിക്കുക… അല്ലായെങ്കില്‍ നിങ്ങളും നശിക്കും…“
നാശത്തെക്കുറിച്ച് യേശു സംസാരിക്കുമ്പോള്‍ അത് ഭൌതീകമായ നാശമല്ല അര്‍ത്ഥമാക്കുന്നത്, ആത്മാവിന്റെ നാശത്തേക്കുറിച്ചാണ്.
ശരീരം യേശുവിനു പരമപ്രധാനമായിരുന്നില്ലല്ലോ…
ഇപ്രകാരം ശരീരത്തിന്റെ നാശം കണക്കിലെടുക്കാതിരുന്ന യേശു അതിലുടെ തന്റെ കുരിശുമരണം വഴിവന്ന ദുരവസ്ഥയെയും നിന്ദയെയും കണക്കിലെടുക്കുന്നില്ല…
അനുതാപം എന്നത് മാനസികമായ ഒരവസ്ഥ ആയി യേശു കാണുന്നു. അത് ദൈവത്തിലെയ്ക്കുള്ള തിരിയലാണ്, തിരിച്ചറിവാണ്. ഇപ്രകാരം ഒന്നാം വായനയുടെ അര്‍ത്ഥവും നമുക്ക്‌ വ്യക്തമാകുന്നു.
മോശയുടെ ജീവിതത്തിലെ വഴിത്തിരിവാണ് മരുഭൂമിയിലെ അനുഭവം. മുള്‍പടര്‍പ്പിലെ അഗ്നി-അനുഭവം കാണാനും കൂടുതലറിയാനും ശ്രമിക്കുന്നതിലൂടെ മോശ തിരിച്ചറിവിലേയ്ക്ക് എത്തുകയാണ്.
പുതിയ ദൈവീകമേഘലയിലെത്തുകയാണ്.
പ്രിയരെ, വിശ്വാസം എന്നത് ജീവിതത്തെ തിരിച്ചറിയലാണ്. അതിലെ അനുഭവങ്ങളിലൂടെ ദൈവത്തെ തിരിച്ചറിയലാണ്. അനുതാപം അതിന്റെ ഒരു മാര്‍ഗ്ഗം…
ദൈവസാന്നിധ്യം അഗ്നിപോലെ… അത് ഏരിയും എന്നാല്‍ നശിപ്പിക്കില്ല… നമ്മുടെ ജിവിതത്തിലെ ദൈവത്തെ തിരിച്ചറിയാന്‍ മോശ ചെയ്തതുപോലെ കൂടുതല്‍ അറിയാന്‍ ദാഹം ഉണ്ടാകണം…
ശരീരത്തിന്റെ, പുറമെയുള്ള, നാശമോ വളര്‍ച്ചയോ അല്ല പരമപ്രധാനം… ആത്മാവില്‍ ദൈവത്തെ തിരിച്ചറിയലാണ്…
ആത്മാവിനെ നശിപ്പിക്കാത്ത, ആയിരിക്കുന്ന, ജീവിക്കുന്ന ദൈവത്തെ അറിയുവാന്‍ ഈ തപസ്സുകാലത്തിലെ മൂന്നാം ഞായര്‍ നമ്മെ സഹായിക്കട്ടെ. ആമ്മേന്‍!

WordPressFacebookBlogger PostDeliciousDiggEmailTwitterShare